10-August-2023 -
By. news desk
കൊച്ചി: വ്യാപാരികളെ നോക്കുകുത്തികളാക്കി നടക്കുന്ന തെരുവോര കച്ചവടം നിയന്ത്രിക്കാന്‍ കൊച്ചി കോര്പ്പറേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യാപാര സ്ഥാപനങ്ങളില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെ.വി.വി.ഇ.എസ്) യൂത്ത് വിങ് കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാറിന് നിവേദനം നല്കി. യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസിന്റെ നേതൃത്വത്തില്‍ എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജംഷീര്‍ വാഴയില്‍, ട്രഷറര്‍ റ്റിജോ തോമസ്, യൂത്ത് വിംഗ് സിറ്റി നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് എന്‍ എ അഭിലാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് നിവേദനം നല്‍കിയത്. ഇനിയും നടപടിയില്ലെങ്കില്‍ വ്യാപാര സമൂഹം തെരുവിലറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
യാതൊരു വിധ നിയന്ത്രണവുമില്ലാതെ നടക്കുന്ന വഴിയോരക്കച്ചവടം മൂലം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വായ്പയെടുത്തും പലിശയ്ക്ക് പണം കടമെടുത്തും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന ചെറുകിട,ഇടത്തരം വ്യാപാരികളുടെ പ്രതീക്ഷ ഓണക്കച്ചവടമാണ്. ലൈസന്‍സ് ഫീസ്,വാടക,ടാക്സ്,തൊഴിലാളികളുടെ ശമ്പളം എന്നിവയൊക്കെ കൊടുത്ത് സ്ഥാപനങ്ങള്‍ നടത്തുന്ന വ്യാപാരികളെ നോക്കുകുത്തികളാക്കി വഴിയോര കച്ചവടം പൊടിപൊടിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യാപാരി സമൂഹം കച്ചവടമില്ലാതെ കടം പെരുകി ആത്മഹത്യയുടെ വക്കിലുമാണ്. ഇനിയും ഇത് അംഗീകരിക്കാന്‍ കഴിയില്ല.
ഓണക്കാലം അടുത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ വഴിയോരക്കച്ചവടത്തെ നിയന്ത്രിച്ചു കൊണ്ട് വ്യാപാര സ്ഥാപനങ്ങള്‍ വഴി കച്ചവടം നടത്തുന്ന വ്യാപാരികളെ സംരക്ഷിക്കണമെന്നും അല്ലാത്ത പക്ഷം വ്യാപാരികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും കെ.വി.വി.ഇ.എസ് യൂത്ത് വിങ് മുന്നറിയിപ്പു നല്കി. കോര്‍പ്പറേഷന്റെ അനാസ്ഥമൂലം പേരിനുമാത്രം ചിലയിടങ്ങള്‍ ഒഴികെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിലും മാസങ്ങളായി മാലിന്യം നീക്കാതെ കുന്നുകൂടി കിടക്കുകയാണ്. പല തവണ ഇത് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നാളിതുവരെ നടപടിയുണ്ടായിട്ടില്ലെന്നും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം നീക്കാന്‍ നടപടിവേണമെന്നും നിവേദത്തില്‍ ആവശ്യപ്പെട്ടു.